കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

26 ജനുവരി 2013

ചക്കക്കുരുവിന്റെ വിശ്വരൂപം

ചക്കക്കുരു പ്രോട്ടീനും മറ്റ് പോഷകങ്ങളും നിറഞ്ഞ വളരെ നല്ല സാധനമാണ്.

പക്ഷേ ദഹനശേഷി കുറഞ്ഞവർ അത് അമിതമായി കഴിച്ചാൽ വല്ലാതെ 'വായൂന്റെ' പ്രശ്നമിളകും.


വായൂന്റെ കഥകൾ അറിയാമല്ലോ, നാറ്റിക്കും പൊട്ടിത്തെറിക്കും പിടിത്തമുണ്ടാക്കും പറഞ്ഞറിയിക്കാനാവാത്ത വേദനയുമുണ്ടാക്കും.


വായൂന്റെ നല്ല മരുന്നുകൾ ഏതെങ്കിലും കഴിച്ചാൽ താൽക്കാലിക ആശ്വാസം മാത്രം.

ജന്മനാ ദഹനക്കേടുള്ളവർ മനപ്പൂർവ്വം നാട് മുഴുവൻ നാറ്റിക്കണം എന്ന ഉദ്ദേശത്തോടെ മാത്രം പിന്നെയും പിന്നെയും ചക്കക്കുരു തിന്ന് വളിവിടും; നാട് നാറ്റിക്കാൻ മാത്രമായി ചക്കക്കുരു തിന്നുന്ന ആ രോഗത്തിന്നു വേറെ മരുന്നില്ല.

ഇവിടെ നമുക്ക് ആരെ കുറ്റം പറയാം?
ചക്കക്കുരുവിനെയോ
ദഹനശേഷിയില്ലാത്ത വയറിനെയോ
വളിയെയോ
അതോ നാട്ടിൽ വളിവിട്ട് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കരുതെന്ന് കലകളിലൂടെ ബോധവത്കരിക്കുന്നവരെയോ?
 

03 ജനുവരി 2013

"എന്നേ ഒന്ന് കടിച്ചു തിന്നൂ..."

ഇന്ന് കാലത്ത് ബജാറിൽ പോയരം ഒരു ഫ്രൂട്ടിന്റെ പീട്യ കണ്ടു.

എന്തല്ലം തരം ഫ്രൂട്ട് മോനേ ആട ഉള്ളത്!

ചോന്നത്, മഞ്ഞ, പച്ച എല്ലാ നെറോം ഉണ്ട്...

എല്ലം നല്ലോണം തുടുത്ത് നല്ല ഷേപ്പിലുള്ളത്...

കാണുമ്പം തന്നെ വായിൽ 'വെള്ളം' പൊട്ടീന്ന്,

ആപ്പിൾ തന്നെ എന്തെല്ലം തരമ്ന്നാ... സാദാ ആപ്പിള്, മെഴുക്പുരട്ടി തിളക്കം കൂട്ടിയത്, നല്ല തെർമോകോളിന്റെ കുപ്പായമിടീച്ചത്.. (അതിൽ കുപ്പായമിട്ട ആപ്പിളിനോടാ എനക്ക് പിരിസം കൂടുതൽ തോന്ന്യേ..! കുപ്പയമൂരീട്ട് ഒരിക്ക കടിക്കാൻ കിട്ടിനെങ്കില് എന്ന് നിരീച്ച് പോയി...)

പക്കേ എന്താക്കാന്ന്..? അതെല്ലം എനക്ക് പല കാരണങ്ങളാൽ 'അപ്രാപ്യ'മായിരുന്നു.


പിന്നെന്താക്കാന്ന്....., നോക്കി വെള്ളം എറക്കീട്ട് വന്നു.

നീയാണെങ്കീ എന്താക്കട്ടീന്ന്? കട്ടിറ്റ് തിന്ന്വോ? അങ്ങനാക്ക്യാ തല്ലുകിട്ടൂലേ?
പൊലീസ് പിടിക്കൂല്വേ? പത്രത്തിൽ പോട്ടം വരൂലേ?

അമ്മ പണ്ടേ പറഞ്ഞിറ്റ്ണ്ട്....
അങ്ങനത്തെ ഒന്നും കണ്ടിറ്റ് മോഹിക്കണ്ടാന്ന്, അതൊന്നും നമ്മക്ക് പറഞ്ഞതല്ലാന്ന്...

അതോണ്ട് എനക്കും നല്ലത് ഫ്രൂട്ടിന്നും നല്ലത്!

30 ഡിസംബർ 2012

ബോൺലെസ്സ് ഇറച്ചി സുക്ക; അറേബ്യൻ പാചകം

പാചകം - സുക്ക*
-------------------
ചേരുവകൾ:

എല്ലില്ലാത്ത ഇറച്ചി (തൊലികളഞ്ഞ്**) : അരകിലോ.

കുരുമുളക് പൊടി : 4ടീസ്പൂൺ.

മഞ്ഞൾപൊടി : 1ടീസ്പൂൺ.

മല്ലിപ്പൊടി : 2ടീസ്പൂൺ.

ഗരം മസാല : 1ടീസ്പൂൺ.

എണ്ണ : 4 ടേബിൾ സ്പൂൺ.

ഇഞ്ചി-വെള്ളുള്ളി പേസ്റ്റ് : 1ടീസ്പൂൺ.

കല്ലുപ്പ് : ആവശ്യത്തിന്ന്.

കറിവേപ്പില : മനസ്സുപോലെ.പാചകവിധി:


നന്നായി കഴുകിയെടുത്ത ഇറച്ചിക്കഷണങ്ങളിൽ പൊടിമസാലകളും പേസ്റ്റും ചേർത്ത് നന്നായി കുഴച്ച് പിടിപ്പിക്കുക.


അങ്ങനെ അരമണിക്കൂർ സൂക്ഷിച്ചശേഷം, കുക്കറിലോ ചട്ടിയിലോ നൂറുമില്ലി (അധികരിക്കരുത്) വെള്ളവും ഉപ്പും 

ചേർത്ത് ചെറുചൂടിൽ പതിനഞ്ച് മിനുട്ട് വേവിച്ചെടുക്കുക.


ഇറച്ചി നന്നായി വെന്തുവന്നാൽ എണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.


സുക്ക റെഡി!*സൗദി ഒറിജിൻ സൈഡ് ഡിഷുകളിൽ പ്രധാനിയാണ് ഈ സുക്ക. അറേബ്യൻ 'വിഭവ'ങ്ങൾക്ക് ഭാരതത്തിൽ ആരാധകർ 

വർദ്ധിച്ചുവരുന്ന വേളയിൽ പ്രയോഗിക്കാൻ എളുപ്പമുള്ള പാചകവിധിയാണിത്.**നേരത്തെ 'തൊലികളഞ്ഞ' ഇറച്ചിയാണെങ്കിൽ വീണ്ടും തൊലികളയാൻ പോവണ്ട.

മുന്നറിയിപ്പ് 1: മൂലക്കുരു ഉള്ളവർ ഉപയോഗിക്കരുത്. (മൂലം പൂരാടം ആവും)

മുന്നറിയിപ്പ് 2:  ഇത് വെറും പാചക കുറിപ്പ് മാത്രമാണ്. മറ്റെന്തെങ്കിലും നിങ്ങൾ കണ്ടെത്തുന്നുണ്ടെങ്കിൽ മുൻവിധി 

എന്ന വാക്ക് ധന്യമായി!25 ഡിസംബർ 2012

ഫേസ്ബുക്കിൽ റേപ്പിസ്റ്റ് ലേബലൊട്ടിക്കാൻ നടക്കുന്നവരോട് .....

'എന്റെ' നിരീക്ഷണത്തിൽ, എന്റെ ജീവിതസാഹചര്യങ്ങളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നന്നായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതെന്നു തോന്നിയ- സിപിഐ എമ്മിന്റെയും അവരുടെ പോഷക സംഘടനകളുടേയും മുതൽ,
ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന അടിസ്ഥാന ആശയത്തിലൂന്നി, മറ്റൊരു കുപ്പായമിട്ട് പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പോഷകസംഘടനകൾ വരെ നടത്തിയ സമരങ്ങളിലും കൂട്ടായ്മകളിലും പലപ്പോഴും പരപ്രേരണകൂടാതെ തന്നെ പങ്കെടുത്തിട്ടുള്ള, ഒരു പാർട്ടി സെക്രട്ടറിയുടെ ചീട്ടിന്നും കാത്തു നിൽക്കാത്ത ഒരു സാദാ പൗരൻ മാത്രമായ എനിക്ക് ഒരിക്കലും ഒരു ജനകീയ സമരോത്തോടും പുച്ഛം തോന്നാറില്ല.

പക്ഷേ, ഒരു പെൺകുട്ടി നീചമായ ലൈംഗിക ആക്രമണത്തിന്നു തലസ്ഥാന നഗരിയിൽ ഇരയായതിന്റെ വികാര വിസ്ഫോടനമെന്നോണം സൈബർ കൂട്ടായ്മകളുടെ ആഹ്വാന പ്രകാരം ഭരണസിരാകേന്ദ്രങ്ങളിൽ യുവജനത തടിച്ചു കൂടി ലഹളയുണ്ടാക്കുന്നതിനെ, എന്താണ് മുദ്രാവാക്യം, എന്തൊക്കെയാണ് ഡിമാന്റുകൾ, അതിൽ ഇന്നത്തെ നിലയിൽ സർക്കാറിന്ന് എന്ത് ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെയുള്ള സൈബർ മീറ്റ് വെറും ന്യൂജനറേഷൻ ലഹളമാത്രമായി മാറുന്നുവെന്നു തോന്നിയതു കൊണ്ട് തന്നെ എന്റെ മനസ്സിന്നിനിയുമിതിനെ അംഗീകരിക്കാനാവുന്നില്ല. യുപിഎ സർക്കാറിന്റെ മുഴുവൻ നയങ്ങളോടും എതിർപ്പുണ്ടെന്നതു കൊണ്ട് മാത്രം വെറുതേ സർക്കാറിനെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രത്തോട് മമത തോന്നുന്നില്ല. കീബോർഡിൽ ചൊറിഞ്ഞത് കൊണ്ട് ദുഷിച്ച വ്യവസ്ഥിതികൾക്ക് എന്തെങ്കിലും മാറ്റം വരുമെന്ന ചിന്തയുമില്ല

ഈ ഒരഭിപ്രായം ഞാൻ ഫേസ് ബുക്കിലൂടെ പങ്കുവച്ചപ്പോൾ, ലഹളയുടെ വികാരാവേശം തലയ്ക്കു പിടിച്ച ഉന്മാദത്തിൽ, അതിന്റെ സത്ത മനസ്സിലായില്ലെന്നഭിനയിച്ച നിങ്ങൾ ഞാൻ ഒരു ബലാത്സംഗ  അനുകൂലിയും രാഷ്ട്രീയ പാർട്ടികളുടെ വേദനയിൽ ഭയക്കുന്നു എന്നൊക്കെ പറഞ്ഞത് എനിക്ക് ശരിക്കും മനസ്സിലായി.

പക്ഷേ ചില ഫേസ് ബുക്ക് കൊച്ചമ്മമാർ നാടു നീളെ ഓടി നടന്ന് ഞാനും ഒരു റേപ്പിസ്റ്റ് എന്ന കണക്കേ ചാറ്റും സ്റ്റാറ്റസ്സും കമന്റുകളുമായി ഓടിനടക്കുന്നതിനേക്കുറിച്ച് എന്റെ ഒരു സ്റ്റാറ്റസിൽ പരാമർശിക്കുന്നതിന്നിടെ, പരിഹാസ ഭാവത്തിൽ ലക്-നോട് "ഫേസ് ബുക്ക് ഇപ്പോൾ പേരുമാറ്റാൻ എന്നെ അനുവദിക്കുന്നില്ല,അല്ലെങ്കിൽ Baiju The Rapist എന്നു പേരുമാറ്റിയേനെ!" എന്ന് പറയേണ്ടി വന്നത് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അദ്ദേഹത്തിന്റെ ടൈംലൈനിൽ കൊണ്ട് പോയി എന്നെ വിമർശിക്കുകയുണ്ടായി. ശരിക്കും നമ്മുടെ മനോരമ മോഡൽ വളച്ചൊടിക്കൽ. 

'നാലാൾ കാണാനുണ്ടെന്നു വരുമ്പോൾ എന്തും പറയാമെന്ന സ്ഥിതിവരും' എന്ന അജിത്തേട്ടന്റെ കമന്റ് അതിലും നിരാശാജനകം എന്ന് തന്നെ പറയേണ്ടിവരും. നമ്മളെല്ലാവരും ഇവിടെ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് കാണുന്ന ആളുകൾക്ക് വേണ്ടി മാത്രമാണോ? നമ്മളിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്ന് ന്യൂനപക്ഷം ചിന്തകൾ കീഴടങ്ങി  മിണ്ടാണ്ടിരിക്കണമെന്നോ?

 ആ വഴിക്കു വന്ന മറ്റ് വിമർശനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വഴിയേ മറുപടി തരാം.

എനിക്കിപ്പോഴും എത്ര ആലോചിച്ചിട്ടും ഈ ലഹളയോട് അനുഭാവം പ്രകടിപ്പിക്കാൻ തോന്നുന്നില്ല, അതിന്റെ പേരിൽ നിങ്ങളെന്തു വിളിച്ചാലും! പക്ഷേ ലേബലൊട്ടിക്കാൻ നടക്കും മുൻപ് എന്താണ് പറഞ്ഞതെന്ന് വിവേകത്തോടെ മനസ്സിലാക്കാനുള്ള വകതിരിവ് .........

+

ഞാൻ സൈബർ മലയാളം കാണുന്ന ആദ്യ നാളുകളിൽ കണ്ട് പഠിച്ചതും ഈ മാധ്യമത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയതും 'കൂട്ട'ത്തിലൂടെയുള്ള ലക്-, അജിത്തേട്ടൻ, സമീരൻ, കുമാറണ്ണൻ തുടങ്ങിയവരുടെ ഉശിരൻ അഭിപ്രായ പ്രകടനങ്ങൾ കണ്ടാണ്. ഇപ്പോൾ എന്റെ ഒരു കമന്റിനെ ചുറ്റിപ്പറ്റി നിങ്ങൾ വിമർശനമുന്നയിക്കുന്നു. ശരിക്കും ഞാനൊന്ന് അഹങ്കരിച്ചോട്ടേ സുഹൃത്തുക്കളേ?
18 ഡിസംബർ 2012

ഹെഡ്മാഷിന്റെ ലാപ്ടോപ്പ് റൂളിങ്ങ്; ഒരു പിന്നാമ്പുറക്കഥ

'അപ്പൂപ്പാ.... അപ്പൂപ്പാ...'

'എന്താടാ കൊച്ചു രാമാ..?'

'അപ്പൂപ്പനെന്തിന്നാ, 'ആ' ഉസ്കൂളിന്റെ ഹെഡ്മാഷാണെന്നു പറഞ്ഞ് ഗമയിൽ നടക്കുന്നത്?'

'അതെന്താടാ എനിക്ക് ഗമയിൽ നടന്നൂടേ?'

'നടന്നോളൂ.., പക്ഷേ, പത്രം തൊറന്നാൽ അതിൽ നിങ്ങളെ ഉസ്കൂളിലെ മാഷന്മാരും പുള്ളോരും ഉസ്കൂൾ സമയത്ത് ഇരുന്നൊറങ്ങുന്ന പോട്ടം, ചാനൽ തുറന്നാ ആ വിഷ്വലുകളും മറ്റേടെത്തെ മൂസിക്കുമിട്ട് പരിഹാസം, ഫേസ് ബുക്കീക്കേറിയാപ്പിന്നെ പറയോം വേണ്ട.....'

'അതേടാ... എനിക്കും സങ്കടമുണ്ടെടാ കൊച്ചുരാമാ..,
പക്ഷേ ഞാനെന്തു ചെയ്യാനാടാ..., ശ്വേത കേമറയ്ക്കു മുന്നിൽ പെറ്റാൽ എനിക്ക് അവരെ കുറ്റം പറയാം; ഇവന്മാരെ കുറ്റം പറയാൻ പറ്റൂല..  അവന്മാരുടെയൊക്കെ ഔദാര്യത്തിലല്ലേ ഞാനാട ആ കസേരെലെങ്കിലും കുത്തിയിരിക്കുന്നത്..?'

'ഞാനൊരു വഴികണ്ടിട്ടുണ്ട് അപ്പൂപ്പാ..'

'എതാടാ ആ വഴി?'

'ഞാൻ മൊടങ്ങാതെ ഉസ്കൂളിൽ പോകുന്നതെന്തിന്നാ?'

'പഠിക്കാൻ, അല്ലാതെ പിന്നെന്തിന്ന്?'

'പഠിക്കാനൊന്നുമല്ലപ്പൂപ്പാ...'

'പെമ്പിള്ളേരെ വായി നോക്കാനും കൊഞ്ചിക്കൊഴയാനും...'

'അതും ഇതും തമ്മിലെന്താ ബന്ധം?'

'അപ്പൂപ്പന്റെ ഉസ്കൂളിൽ പെമ്പിള്ളേർ മരുന്നിന്നു പോലും ഇല്ലാന്നറിയാം,
അതോണ്ട്.... ഉസ്കൂളിൽ വരുമ്പോ ലാപ്ടോപ്പും നെറ്റ് സെറ്ററും ഐ പാഡും കൊണ്ടുവരാമെന്ന് നിയമമുണ്ടാക്ക്...'

'അതോണ്ടെന്താ ഗുണം കൊച്ചുരാമാ..?'

'അതൊക്കെ കൊണ്ടുവരാന്നായാൽ, മാഷന്മാരും പുള്ളോറും ബോറടിക്കുമ്പം, അതിൽ 'കുത്തി'ക്കളിച്ചോണ്ടിരിക്കുമല്ലോ?
ഫേസ് ബുക്കിൽ ചാറ്റട്ടെ, തുണ്ടുകൾ കണ്ട് രസിക്കട്ടെ; അങ്ങനെ ഉറക്കത്തെ അകറ്റാം...'

'നീയാളു കൊള്ളാമല്ലോ കൊച്ചുരാമാ...'

'പിന്നേ....'

*

അങ്ങനെ അന്ന് ഉസ്കൂളിൽ റൂളുകളുരുണ്ടു.

*

ഇനി ആരും ഇരുന്ന് ഉറങ്ങാത്ത ഉസ്കൂൾ കാലം.

*

ഈ ഉറക്കമില്ലായ്മ്മ ഒരു പ്രശ്നമാവുകയാണെങ്കിൽ, 'തുണ്ടുകൾ' തൊണ്ടയിൽ കുടുങ്ങുവാണെങ്കിൽ- ഭയപ്പെടേണ്ട; നമുക്ക് വഴികാട്ടിയായി കർണ്ണാടകത്തിലെ 'റൂളറു'കളുണ്ട്, 'കീഴ്'വഴക്കങ്ങളുണ്ട്...

ഗോ എഹെഡ്!
.

22 നവംബർ 2012

ആത്മഹത്യ-മലിനീകരണം-വൈദ്യുതി

ജീവിതം എന്തെന്ന് അറിയാനുള്ള ശ്രമം തുടങ്ങുന്നതിന്നും മുന്നേയുള്ള ഒരു മാനസിക സമ്മർദ്ദക്കാലത്ത് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. പിന്നെയുള്ള ആലോചനകൾ മുഴുവൻ എങ്ങനെ, എവിടെ നിന്ന് ആത്മഹത്യ ചെയ്യും എന്നതിനേക്കുറിച്ചായി. വീട്ടിൽ തൂങ്ങി മരിച്ചാൽ, അല്ലെങ്കിൽ തന്നെ കഷ്ടത്തിലായിരിക്കുന്ന വീട്ടുകാർ പിന്നെങ്ങനെ അവിടെ താമസിക്കും?, കിണറ്റിൽ ചാടിയാൽ ഈ ഇരുപത് സെന്റിൽ വേറെ കിണർ കുഴിക്കാൻ സ്ഥലമില്ല, അൽപ്പം ദേഷ്യമുള്ള സ്ഥലത്തെ പ്രമാണിയുടെ പറമ്പിലെ കശുമാവിൽ ആയാൽ അയാളെ ദ്രോഹിക്കാനാവുമെങ്കിലും അയാൾ അതിന്റെ പേരിൽ പിന്നെ വീട്ടുകാർ അനുഭവിക്കേണ്ടിവരുമായിരുന്ന പീഡനങ്ങൾ.. അങ്ങനെ ചിന്തകൾ നീണ്ടുപോയപ്പോൾ ആ ആത്മഹത്യ മാറ്റിവയ്ക്കെണ്ടി വന്നു.
*
കാലം മാറിയപ്പോൾ ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളിലും വൻ ഗവേഷണങ്ങൾ നടന്നു. പുതിയ രീതികൾ കണ്ടെത്തപ്പെടുന്നു. ഏറ്റവുമൊടുവിൽ കണ്ടെത്തിയ വഴിയാണ് കാറിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിക്കുന്ന രീതി. ഈയ്യിടെ പത്രങ്ങളിൽ കാണുന്ന 'കാറുള്ള വീട്ടിലെ' പിള്ളേരുടെ ആത്മഹത്യകളൊക്കെ ഈ വഴിയുപയോഗിച്ച് തന്നെ.
*
ആത്മഹത്യ ചെയ്യാൻ- വിഷം അല്ലെങ്കിൽ കയർ വാങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണെങ്കിൽ, കാർബൺ മോണോക്സൈഡ് ശ്വസിച്ചു ചാവാൻ വീട്ടിൽ സ്വന്തമായി കാറില്ലെങ്കിൽ വിഷമിക്കണ്ട. രാത്രി കറണ്ടു കട്ടിന്റെ നേരത്ത് കാസർക്കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ്സ് റോഡിൽ അല്ലെങ്കിൽ അതു പോലെ ഇടുങ്ങിയ വ്യാപാര മേഖലയിൽ പോയി അഞ്ചുമിനുട്ട് നിന്നു കൊടുത്താൽ മതി. കടകളിലെ ജനറേറ്റർ തുപ്പുന്ന വിഷം സൗജന്യമായി വിഴുങ്ങാം.
*
പുതിയ കെട്ടിടം പണിയാൻ, അത് സംബന്ധിച്ച രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടണമെങ്കിൽ മഴവെള്ള സംഭരണി നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് നിയമം. പക്ഷേ കൈക്കൂലിയുടെ വഴിയിൽ നിയമത്തിന്ന് പുല്ലുവില. എങ്കിലും ലച്ചങ്ങൾ ചിലവിട്ട് ആഡംബരത്തിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് സോളാർ വൈദ്യുതി സംവിധാനങ്ങൾ നിർബന്ധമാക്കിയാൽ അതിന്ന് വലിയ എതിർപ് നേരിടേണ്ടി വരില്ല. ആ വഴിക്ക് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നൂ; എങ്കിലേ മലിനീകരണ-വൈദ്യുതിക്ഷാമ പ്രശ്നങ്ങൾക്ക് തൊലിപ്പുറമേയുള്ള ഒരു പരിഹാരമെങ്കിലും ഉണ്ടാക്കാനാവൂ.
.

13 നവംബർ 2012

മുതലച്ചാരും, ഞണ്ടമ്മയും പിന്നെ കുറുക്കച്ചന്നും

മുതലച്ചാരും, ഞണ്ടമ്മയും ഫേസ് ബുക്കിലെ ക്ലോസ് ഫ്രണ്ട്സ് ആയിരുന്നു.
അങ്ങനെയിരിക്കേ നിറയേ ലൈക്കുകകളും മുഴുത്ത കമന്റുകളുമായി ഓരിയിട്ട് നടന്നിരുന്ന കുറുക്കച്ചന്റെ ഇറച്ചി തിന്നാൻ മുതലച്ചാർക്ക് കൊതി തോന്നി.
'എന്താ ഒരു വഴി?' മുതലച്ചാർ തലപുകച്ചു.

ഒടുവിൽ ഞണ്ടമ്മ ക്വട്ടേഷൻ ഏറ്റെടുത്തു, എന്നിട്ട് കുറുക്കച്ചനോട് പറഞ്ഞു: 'കുറുക്കച്ചാ... കുറുക്കച്ചാ ... നത്തോലിപ്പേജിൽ നിറയേ മീനുകളാ, വെള്ളവും കുറവ് ഇപ്പോ വന്നാ ന
ല്ല സ്വാദോടെ ഒറ്റയ്ക്കെല്ലാം തിന്നാം.'

പുഴമീനെന്നു കേട്ടപ്പോൾ തന്നെ വായിലൊലിച്ച വെള്ളം അടക്കിപ്പിടിച്ച് കുറുക്കച്ചാർ പേജിലെത്തിയപ്പോളവിടെ മീനുകൾക്കിടയിൽ മുതലച്ചാർ വാ തുറന്ന് വച്ച് കിടക്കുന്നു.

കുറു: 'ഞണ്ടമ്മേ.. ഞണ്ടമ്മേ... മീൻ പിടിക്കാനിറങ്ങിയാ മുതല എന്നെ തിന്നില്ലേ?'

ഞണ്ട: 'ഇല്ല കുറുക്കച്ചാ, അത് ചത്ത മുതലയാ... കാണുന്നില്ലേ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്?'

കുറു: 'ചത്ത മുതലയാണെങ്കിൽ അത് വാലാട്ടുമല്ലോ?'

കുറുക്കച്ചന്റെ കുരുട്ടു ബുദ്ധി മനസ്സിലാക്കാതെ, അത് കേട്ടയുടൻ മുതലച്ചാർ വാലാട്ടി.

മുതലച്ചാരുടേയും ഞണ്ടമ്മയുടേയും തട്ടിപ്പ് സൂത്രം മനസ്സിലായ കുറുക്കച്ചൻ വായിൽ കാത്തു സൂക്ഷിച്ചിരുന്ന 'വെള്ളം, വാഴപ്പോളകൾക്കിടയിൽ മിനക്കിട്ട് തുപ്പി', അവരെ കളിയാക്കി ഉച്ചത്തിൽ ഓരിയിട്ടുകൊണ്ട് ഓടിപ്പോയി പാറപ്പുറത്ത് വിസ്തരിച്ച് തൂറി.

ഗുണപാഠം: മന്ദബുദ്ധികൾ സ്വന്തം അനുഭവത്തിൽ നിന്നും, ജ്ഞാനികൾ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളും.

ലേബൽ: ഞാൻ മഹാജ്ഞാനിയാ..